2015 ഫെബ്രുവരി 5, വ്യാഴാഴ്‌ച

അപരിചിതർ

തിവ് പോലെ ഇന്നും ഒരു ദുസ്വപ്നത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടാണ്  ഉണര്ന്നത്.വീണ്ടും ഒാര്ക്കാതിരിക്കാൻ  ശ്രമിച്ചിട്ടും  മനസ്സിൽ തന്നെ കിടക്കുന്നത് പോലെ.ചില സ്വപ്‌നങ്ങൾ അങ്ങനെയാണ്.ഉണര്ന്നാലും മനസ്സില് നിന്ന് പോവതിങ്ങനെ...മറ്റു ചിലവ നേരിയ ഓര്മ പോലും അവശേഷിപ്പിക്കാതെ മാഞ്ഞു പോവും .എന്ത് കൊണ്ടോ ഈ സ്വപ്നത്തിന്റെ ഓർമ്മകൾ ഒട്ടും സുഖമുള്ളവയല്ല.സ്വപ്നത്തിൽ എന്റെ കണ്ണുകൾക്ക്‌ മുന്നിൽ മൂടൽ മഞ്ഞിന്റെ ഒരു പാളി ഉണ്ടായിരുന്നു.എല്ലാം കാണാം.എന്നാൽ ഒരു പുകമറക്കുള്ളിൽ മാത്രo.എന്നെന്നേക്കുമായി കാഴ്ചകൾ മാഞ്ഞു തുടങ്ങുന്നത് പോലെ.....ഏതായാലും കാഴ്ച്ചകൾക്ക് തിളക്കം തിരിച്ചു കിട്ടിയെന്ന ആശ്വാസത്തിൽ ഞാൻ പുതിയ ദിവസത്തിലേക്ക് കടന്നു.
              'പുതിയ ദിവസം' അത് ഒരു നുണയാണ് . എനിക്കിപ്പോൾ പുതിയ ദിവസങ്ങളില്ല.ഏകാന്തതയുടെ നരച്ച നിറം തന്നെയാണ്  എല്ലാ ദിവസങ്ങൾക്കും.ഏതാനും ആഴ്ചകൾ മാത്രം നീണ്ടു നില്ക്കുന്ന ഈ കൊച്ച് അവധിക്കാലം പോലും ആഘോഷിക്കാൻ ആവുന്നില്ല മനസ്സിന്.മനസ്സിന്റെ കാഴ്ച  നഷ്ടപ്പെടുമ്പോഴാണല്ലോ   നാം ശരിക്കുംഅന്ധരാവുന്നത്. ദിവസങ്ങളുടെ പുതുമ നഷ്ടപ്പെടുന്നത്.
രാവിലെ അച്ഛനും അമ്മയും ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഒറ്റക്കാണ്. ഒരാൾക്കൂട്ടത്തിനിടയിൽ  ഒരിക്കലും സംസാരിക്കാൻ ഇഷ്ട്ടപ്പെടാത്ത എന്റെ മനസ് ഒറ്റക്കാകുമ്പോൾ ഇത്രയേറെ സംസാരിക്കാൻ കൊതിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.
           ക്ലോക്കിലെ സൂചികൾ സമയത്തെ തള്ളി നീക്കി ക്കൊണ്ട് പതിവുപോലെ നടന്നു.അങ്ങനെ ഇന്നും ഞാൻ ഒറ്റക്കായി.ഇങ്ങോട്ട് മാത്രം സംസാരിക്കുന്ന റേഡിയോയും  ടിവിയും ഒക്കെ മടുപ്പിച്ചു തുടങ്ങിയപ്പോഴാണ് ഇന്റെര്നെട്ടിനെ ആശ്രയിച്ചത് .പക്ഷെ എവിടെയും നൂറു ചോദ്യങ്ങളാണ് തലയ്ക്കു ചുറ്റും.പേര് മുതൽ ജനനത്തിയതി വരെ എല്ലാം.ഫേസ്ബുക്കിൽ ആരോടെങ്കിലും സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ഒര്മയിലെത്തുക ഇന്റർനെറ്റ്‌ ചതിക്കുഴികളെ കുറിച്ചുള്ള വാർത്തകളാണ്. അതുകൊണ്ട് ആ പച്ച വെളിച്ചം തെളിയിക്കാൻ ഒരിക്കലും മെനക്കെടാറില്ല.
         ഒടുവിൽ  സ്മാര്ട്ടായ എന്റെ ഫോണിനോട് തന്നെ ചോദിച്ചു. അങ്ങനെയാണ് ആ അപ്ലിക്കേഷൻ തുറന്നു തന്നത്. ഇവിടെ നാം എല്ലാവരും അപരിചിതരാണ് . stranger 1 സ്ക്രീനിൽ തെളിഞ്ഞു. ഒരു hi അയക്കാൻ തുടങ്ങുമ്പോഴേക്കും ഇങ്ങോട്ട് അയച്ചിരുന്നു 'm or f' ആദ്യം മനസിലായില്ലെങ്കിലും പതിയെ എനിക്ക് മനസിലായി തുടങ്ങി പലര്ക്കും അറിയേണ്ട ഒരേയൊരു കാര്യം നിങ്ങൾ ആണാണോ പെണ്ണാണോ എന്നത് മാത്രമാണ്.പേര്,ദേശം,ഭാഷ ഒന്നും ഒരു വിഷയമേ അല്ല.അവരുടെ താത്പര്യങ്ങളുo വെറും സൗഹൃദം മാത്രമല്ല...സംസാരങ്ങൾ അതിരുവിടും മുൻപേ ഡിലീറ്റ് ചെയ്യാൻ പഠിച്ചതുകൊണ്ട് എന്നെ പോലെ ഒരു സൗഹൃദം മാത്രം തേടിയിറങ്ങിയ കുറച്ചു പേരെയും കണ്ടുമുട്ടാനായി.  
അങ്ങനെയാണ് അവനെ കണ്ടുമുട്ടിയത്.'സഹീൽ ' എന്നാണ് അവൻ പേര് പറഞ്ഞത്.+2 വിന്  പഠിക്കുന്നു. 'പേര്?' 'അമ്മു'.അപ്പോൾ മനസ്സില് തോന്നിയ ഒരു പേര് പറഞ്ഞു. അത്രതന്നെ. അവന്റെ വീട് തൃശൂർ ആണെന്ന അറിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് എന്റെ വീട് തിരുവനന്തപുരത്തെക്ക് മാറ്റി.'തൃശൂർ എവിടെയാണ് വീട് ?' എന്നാ ചോദ്യം ഒഴിവാക്കാനായി മാത്രം.ഒരിക്കലും ഇത്രയും നുണകൾ ആരോടും പറയേണ്ടി വരാറില്ല.സംസാരിക്കാൻ സൂര്യന് താഴെ എത്രെയോ നല്ല വിഷയങ്ങളുണ്ട് ,പക്ഷെ ഇവനെന്തോ ഞാൻ ആരാണെന്നു അറിയാനാണ് കൂടുതൽ താത്പര്യം.'എന്ത് ചെയ്യാ?' 'എഞ്ചിനിയറിംഗിനു പഠിക്കുന്നു.' വല്ലപ്പോഴുമൊക്കെ സത്യങ്ങളും പറയണമല്ലോ.'ഇതു കോളേജിൽ ?' എന്നാ ചോദ്യത്തിന് 'പറഞ്ഞാലും അറിയണമെന്നില്ല 'എന്ന് മറുപടി കൊടുത്തു.എന്തുകൊണ്ടോ ആരാണെന്നു വ്യക്തമാക്കേണ്ടി വരുമ്പോഴെല്ലാം സൈബർ ഇടങ്ങളെ ഞാൻ പേടിക്കുന്നു. 'ചേച്ചിക്ക് തൃശൂര് ഒക്കെ അറിയോ?' ചിരിയാണ് ആദ്യം വന്നത് പിന്നെ ടൈപ്പ് ചെയ്തു 'ഉവ്വ് ഒന്ന് രണ്ട വട്ടം വന്നിട്ടുണ്ട് 'എന്നൊക്കെ പറഞ്ഞ ഒപ്പിച്ചു.
    അവന്റെ ഹോബിസിനെ കുറിച്ച്‌ ചോദിച്ചത് സംസാരത്തെ  ഒന്ന് വഴി തിരിച്ചു വിടാനും ഈ നുണകളിൽ നിന്ന് എനിക്ക് തന്നെ രക്ഷപ്പെടാനുമായിരിന്നു.പക്ഷെ വീണ്ടും കറങ്ങി തിരിഞ്ഞ് അത് എന്നിൽ തന്നെ എത്തി. 'വീട്ടില് ആരൊക്കെയുണ്ട്?'  'ആരുമില്ല' പകുതി ദേഷ്യത്തിലും പകുതി സത്യമായും ഞാൻ മറുപടി കൊടുത്തു.
'അപ്പോൾ പേരന്റ്സ്‌ ?' അവൻ വിടാൻ ഉദ്ദേശമില്ല.'അനാഥയാ മതിയോ ?' ക്ഷമ നശിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ പറഞ്ഞത് .പക്ഷെ അക്ഷരങ്ങള പലപ്പോഴും നമ്മുടെ വികാരങ്ങളെക്കൂടി  കൊണ്ട് പോവാറില്ലല്ലോ . അവൻ അത് വായിച്ചത് എങ്ങനെയാനെന്നറിയില്ല. മറുപടി തന്നു. 'അതിനെന്താ എല്ലാവർക്കും പ്രോബ്ലെംസ് ഇല്ലേ ?' അപ്പോഴാണ് ഞാൻ ശരിക്കും ചിരിച്ച് പോയത്.ശരിക്കും  ഒരു പാവം കുട്ടി തന്നെ അതും സിരിയസ് ആയി എടുത്തു. അത് അത്ര നിഷ്ക്കളങ്കമായ നുണയല്ലെന്ന് തോന്നിയപ്പോൾ 'ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങിയതാണ്‌ . അപ്പോഴാണ് അവന്റെ അടുത്ത മറു പടി എത്തിയത്. 'എനിക്കും ലൈഫിൽ പ്രശ്നങ്ങളുണ്ട്.എന്റെ ഉമ്മ വികലാംഗയാണ് ..5 വര്ഷമായി അവരെഴുന്നേറ്റു നടന്നിട്ട് ..എന്നിട്ടും അവർ സന്തോഷമായി ഇരിക്കുന്നു .'  ഒരു നിമിഷത്തേക്ക് ഞാൻ ഒന്ന് ടൈപ്പ് ചെയ്യാൻ മടിച്ചു...പിന്നെ തോന്നി സത്യമായിരിക്കുമോ അറിയില്ല .
     വീണ്ടും ഒരു പുകമഞ്ഞ് എന്നെ വന്ന മൂടുന്നത് ഞാൻ അറിഞ്ഞു . നേരും നുണകളും ,തെറ്റും ശരിയും വേര്തിരിചെടുക്കാനാവത്ത അത്ര കലർന്ന് പോയിരിക്കുന്നു.വ്യക്തമായ കാഴ്ചകൾ എന്നെന്നേക്കുമായി കണ്ണുകൾക്ക്‌ നഷ്ട്ടപ്പെട്ടിരിക്കുന്നു.പകുതി മാഞ്ഞു തുടങ്ങിയ കാഴ്ചകളിലേക്ക് ഞാൻ വീണ്ടും നടന്നു.